ദോഹ : ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഷോപ്പ് ഖത്തറിന് ജനുവരി ഒന്നിന് തുടക്കമാകും. കൈനിറയെ സമ്മാനങ്ങളുമായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മേളയിൽ ടെസ്‌ലയുടെ സൈബർട്രക്കാണ് മെഗാ സമ്മാനമായി ലഭിക്കുക. ഇതിനു പുറമെ എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുപ്പിലൂടെ 10,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെയുള്ള കാഷ് പ്രൈസും കാറും സമ്മാനമായി നൽകുമെന്ന് വിസിറ്റ് ഖത്തർ അധികൃതർ അറിയിച്ചു.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി ഒന്ന് വരെ നീണ്ടുനിൽക്കുന്ന മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ ‘നിങ്ങളുടെ ഷോപ്പിങ് പ്ലേഗ്രൗണ്ട്’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ഫെസ്റ്റിവലിൽ പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തെ 20 പ്രധാന മാളുകൾ പങ്കെടുക്കും. ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾക്കു പുറമെ വൈവിധ്യമാർന്ന വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ജനുവരി 1ന് പ്ലേസ് വെൻഡോമിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുക. പ്രശസ്ത ലെബനീസ് ഗായകൻ അബീർ നെഹ്മിന്‍റെ സംഗീത പരിപാടിയും വിവിധ മത്സരങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയവയും നടക്കും. ഫെബ്രുവരി 1ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് സമാപന പരിപാടിയും മെഗാ നറുക്കെടുപ്പും നടക്കുക. ടെസ്‌ല സൈബർട്രക്ക് വിജയിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
ഒരു മാസത്തെ ഷോപ്പിങ്ങും വിനോദവും ആസ്വദിക്കാൻ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ ഷോപ്പ് ഖത്തർ ഫെസ്റ്റിവലിൽ സാധിക്കുമെന്നും വിസിറ്റ് ഖത്തർ ഫെസ്റ്റിവൽസ് ആൻഡ് ഇവന്‍റ്സ് ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽബിനാലി പറഞ്ഞു. ഷോപ്പ് ഖത്തറിന്റെ ഒൻപതാമത് എഡിഷനാണ് ജനുവരി ഒന്ന് മുതൽ നടക്കാനിരിക്കുന്നത്.