കൊച്ചി: നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ബലാത്സംഗക്കുറ്റം ആണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.
2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനഃപൂര്‍വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ആരോപിക്കുന്നതെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഇന്ന് വിധി പറയാൻ മാറ്റിയത്. കേസിൽ സർക്കാരിന്‍റെ വിശദീകരണവും നേരത്തേ കോടതി ആരാഞ്ഞിരുന്നു.
2016ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അതേസമയം കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി, പരാതിക്കാരി കാണിച്ചുകൊടുക്കുകയും ചെയ്തു. പീഡനം നടന്നത് ‘101 ഡി’ യിൽ ആണെന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു.