ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇന്ന് വൈകിട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 40 പേരാണ് മിന്നല്‍ പ്രളയത്തില്‍ മരിച്ചതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇന്ന് ഉച്ചവരെയായി 21പേര്‍ മരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടപോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി
പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാണാതായ നൂറിലേറെ പേര്‍ക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ഇന്ന് കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തി. സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.