ഗവർണറെക്കൊണ്ട് പറയിപ്പിച്ചാലും സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പദ്ധതി യുധാർധ്യമാകില്ല. സർക്കാർ എഴുതിക്കൊടുത്തത് വായിക്കുക മാത്രമാണ് ഗവർണർ ചെയ്‌തത്. നയപ്രഖ്യാപനം ഗവർണറുടെ ഭരണഘടന ഉത്തരവാദിത്തം. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ യുഡിഎഫ് പിന്തുണച്ചെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.
സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം.
സംസ്ഥാനത്തിൻറെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ദേശീയ പാത വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു. അതിദാരിദ്രം ഒഴിവാക്കാൻ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനത്തിനാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവർണർ പറഞ്ഞു.
അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്നു ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമർശിച്ചിട്ടിട്ടില്ല. കേന്ദ്രത്തെ വിമർശിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
പരിസ്ഥിതിക്കും മനുഷ്യനും ദോഷം വിതക്കുന്ന കെ. റെയിലിനെ എന്തുവിലകൊടുത്തും കോൺഗ്രസ് എതിർക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെ മണിയടിച്ചും മോദിയെ സുഖിപ്പിച്ചും കെ. റെയിൽ കേരളത്തിൽ നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്നമാണ്. അതിനായി വാങ്ങിവെച്ച വെള്ളം ഇറക്കിവെയ്ക്കുന്നതാണ് നല്ലത്. നിത്യച്ചെലവിന് പോലും പണമില്ലാതെ വീണ്ടും കടമെടുക്കാൻ കേന്ദ്രത്തിന്റെ പടിവാതിക്കൽ കാത്ത് നിൽക്കുന്ന സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.