ചൈനീസ് പുതുവര്‍ഷത്തില്‍ യുവദമ്പതിമാരോട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അഭ്യര്‍ഥിച്ച് സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സുന്‍ ലൂങ്ങ്. ഇയര്‍ ഓഫ് ദി ഡ്രാഗണ്‍ അഥവാ വ്യാളി വര്‍ഷത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ കൂടുതല്‍ പ്രത്യേകതയുളളവരായിക്കും എന്ന വിശ്വാസത്തിന്‍റെ പുറത്താണ് സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. 12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തെ അതിപ്രധാനമായ വിശേഷവര്‍ഷമായാണ് കണക്കാക്കപ്പെടുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സുന്‍ ലൂങ്ങ് പുതുവര്‍ഷ സന്ദേശം പങ്കുവച്ചത്.
ഫെബ്രുവരി പത്തുമുതല്‍ അടുത്ത വര്‍ഷം ജനുവരി 28 വരെയാണ് ചൈനീസ് കലണ്ടര്‍ പ്രകാരം വ്യാളിവര്‍ഷം. ഈ വര്‍ഷത്തില്‍ കുടുബത്തില്‍ ഒരു കുഞ്ഞതിഥിയെ കൂടി സ്വീകരിക്കാനാണ് യുവ ദമ്പതിമാരോട് സിങ്കപ്പൂര്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്. അധികാരത്തിന്റേയും ശക്തിയുടേയും ഭാഗ്യത്തിന്റേയും അടയാളമാണ് ഡ്രാഗണ്‍ എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ട് തന്നെ എല്ലാവരും തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞുഡ്രാഗണുകളെ വരവേല്‍ക്കൂ എന്നും അതിനുളള മികച്ച സമയമാണിതെന്നുമാണ് സിങ്കപ്പൂര്‍ പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്.
1952-ലെ വ്യാളിവര്‍ഷത്തില്‍ ജനിച്ചയാളാണ് സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സുന്‍ ലൂങ്ങ്. സിംഗപ്പൂരിലെ ജനന നിരക്ക് താഴുന്നത് പരിഹരിക്കാന്‍ പല മാറ്റങ്ങളും രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. അതിലൊന്നായിരുന്നു വേതനത്തോടെയുള്ള പിതൃത്വ അവധി രണ്ടാഴ്ചയില്‍നിന്ന് നാലാഴ്ചയായി ഉയര്‍ത്തിയത്. ഇക്കാര്യങ്ങളും പുതുവര്‍ഷ സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.