ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സ്ത്രീകളെ ലക്ഷ്യമിട്ടു വലിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. മാസം തോറും 2500 രൂപയും 500 രൂപയ്ക്കു ഗ്യാസും സർക്കാർ ബസുകളിൽ സൗജന്യയാത്രയുമാണ് മഹാലക്ഷ്മി സ്കീം പ്രകാരം സ്ത്രീകൾക്ക് ഉറപ്പുനൽകുന്നത്. കർഷകർക്ക് വർഷം തോറും 15000 രൂപയും നെൽകൃഷിക്ക് 500 രൂപ ബോണസും പാട്ടക്കർഷകർക്കു 12000 രൂപയും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ തുക്കുഗുഡയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സോണിയ ഗാന്ധിയാണ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായി പ്രവർത്തിക്കുന്ന കോൺഗ്രസ് സർക്കാർ തെലങ്കാനയിൽ ഭരണത്തിലേറുന്നത് എന്റെ സ്വപ്‍നമാണ്. നിങ്ങൾ ഞങ്ങളെ പിന്തുണയ്ക്കില്ലേ’ എന്നായിരുന്നു സോണിയയുടെ ചോദ്യം.
എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. വീടില്ലാത്തവർക്കു സ്ഥലവും അഞ്ചു ലക്ഷം രൂപയും, വിദ്യാർഥികൾക്ക് അഞ്ചു ലക്ഷം രൂപയുടെ വിദ്യാ ഭരോസ കാർഡ്, എല്ലാ ജില്ലകളിലും ഇന്റർനാഷനൽ സ്കൂളുകൾ തുടങ്ങിയവയും വാഗ്ദാനത്തിലുണ്ട്. പ്രായമായവർക്കു 4000 രൂപ പെൻഷനും 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസ് കവറേജും ലഭിക്കുമെന്നും കോൺഗ്രസ് ഉറപ്പുനൽകുന്നു.