ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി സോണിയ ഗാന്ധി മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് മകളും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്കയുടെ ആദ്യ മത്സരമാവും ഇത്.
രാജസ്ഥാനിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ സോണിയയെ പരിഗണിക്കാനാണ് നീക്കമെന്നാണ് സൂചന. 2006 മുതൽ സോണിയ ഗാന്ധിയാണ് റായ്ബറേലിയിൽ നിന്ന് ലോക്സഭയിലെത്തുന്നത്. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ അവർക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമാകും റായ്ബറേലി എന്നാണ് വിലയിരുത്തപ്പെടുന്നത്.
1950 മുതൽ കോൺഗ്രസിൻ്റെ കോട്ടയായ ഈ മണ്ഡലം ആദ്യമായി പ്രതിനിധീകരിച്ചത് ഫിറോസ് ഗാന്ധിയാണ്. 2019-ലും പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.