ന്യൂഡൽഹി: മണിപ്പൂരിലെ സ്ഥിതിഗതികൾ സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് സോണിയ ഗാന്ധി. മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ഹ്രസ്വ സംഭാഷണത്തിനിടെയാണ് സോണിയ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചത്. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം നേതാക്കൾ പരസ്പരം ആശംസകൾ അറിയിക്കുകയാണ് പതിവ്.
പ്രതിപക്ഷ നേതാക്കളുടെ ബെഞ്ചിലെത്തിയ മോദി സോണിയ ഗാന്ധിയുമായി ഹ്രസ്വ സംഭാഷണം നടത്തി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ആക്രമണങ്ങളെക്കുറിച്ച് ചർച്ച നടത്തണമെന്ന് സംഭാഷണത്തിനിടെ സോണിയ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ലോക്‌സഭാംഗം അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
എന്നാൽ മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന് പുറത്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പാർലമെൻ്റ് സെഷന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത്. മണിപ്പൂർ വിഷയത്തിൽ ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് കഠിനമായ നടപടി സ്വീകരിക്കണം. നിയമം സർവ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കും. പുരോഗമന സമൂഹത്തിന് ലജ്ജകരമായ കാര്യമാണ് നടന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.