പ്യോഗ്യാംഗ്: ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്താനിരിക്കുന്ന സൈനിക ഡ്രില്ലിന് മുമ്പായി ശക്തി തെളിയിക്കാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാന്റെ കിഴക്കൻ തീരത്ത് നിന്ന് 900 കിലോമീറ്റർ മാറി കടലിലാണ് മിസൈൽ പതിച്ചത്. ജപ്പാന്റെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയ്ക്കുള്ളിലാണ് മിസൈൽ പതിച്ചതെന്നും ഉത്തര കൊറിയ ഇതുവരെ നടത്തിയ ഏറ്റവും വലിയ മിസൈൽ പരീക്ഷണങ്ങളിൽ ഒന്നാണിതെന്നും ജാപ്പനീസ് അധികൃതർ അറിയിച്ചു.
പ്യോഗ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള സുനാൻ പ്രതിരോധ മേഖലയിൽ നിന്നാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്. സംഭവത്തിൽ കപ്പലുകൾക്കോ വിമാനങ്ങൾക്കോ കേടുപാട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.