പേമാരി പോലെ തീരാദുരിതങ്ങുമായി മറ്റൊരു കര്‍ക്കടകം. മാനംമുട്ടുന്ന സൗധങ്ങളും നഗരങ്ങളും ഇല്ലാത്ത ആ പഴയകാലത്തെ ജീവിതം അറിയുമോ? പച്ചപ്പിന്റെ കൈയൊപ്പ് പ്രകൃതി ചാര്‍ത്തിയ കാലം. കര്‍ക്കടകം എന്നു കേട്ടാല്‍ ചങ്കില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ ഒരു ജനതയായിരുന്നു അന്നിവിടെ. മലയാളിയുടെ കണക്കുകൂട്ടല്‍ പ്രകാരം ഒരാണ്ടിന്റെ അവസാനമാണല്ലോ ഇത്. കൃഷിയൊക്കെ നശിച്ച് പുതിയത് മുളപൊട്ടി തുടങ്ങുന്ന കാലം. ഇപ്പോള്‍ തെങ്ങിന്റെയും കമുങ്ങിന്റെയുമൊക്കെ ചുവട്ടില്‍ ചെന്നെന്നു നോക്കിയാല്‍ കാണാം പൊട്ടികിളിക്കുന്ന ഇളം വേരുകളെ. കുംഭച്ചൂടിലും മീനച്ചൂടിലും വെന്തുരുകിയ ഭൂമി ഇടവപ്പാതിയോടെ ഒന്നു തണുക്കും. അതോടെ പ്രകൃതി അടുത്ത കൃഷിക്ക് ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങും. കര്‍ക്കടകത്തോടെ കൃഷി ഒരു പരുവത്തിലെത്തുമെന്നു പറയാം. പക്ഷെ അപ്പോള്‍ പട്ടിണിയാകുന്നത് പാവം കര്‍ഷകരായിരിക്കും. വിതച്ചതൊന്നും തിന്നാനൊക്കുകയുമില്ല പുറത്തിറങ്ങി പണിയാനൊട്ടു മഴ സമ്മതിക്കുകയുമില്ല. പിന്നെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ചിങ്ങത്തിന്റെ നാളുകളെയായിരിക്കും. പരിപ്പുകൂട്ടി ചോറുണ്ണാന്‍ പറ്റുന്ന ചിങ്ങത്തെ ഓര്‍ത്ത് വായിലെ വെള്ളമിറക്കിയും പട്ടിണി കിടക്കുന്ന പിള്ളേരെ വരാനിരിക്കുന്ന നാളുകള്‍ പറഞ്ഞു കൊതിപ്പിച്ചും എങ്ങനെ എങ്കിലും ഉറക്കും. അപ്പോഴും ഉള്ളിലൊരാദിയായിരിക്കും മടപൊട്ടി ഇനി വെള്ളം കയറിയാലോ… നദീതീരത്തുള്ളവര്‍ക്കാകട്ടെ വെള്ളപ്പൊക്കത്തെയും.
ചിങ്ങത്തേക്കാള്‍ വലിയ ഒരുക്കം പണ്ട് കര്‍ക്കടകത്തിനു വേണ്ടിയായിരുന്നു. മഴക്കാലത്തിനു മുന്‍പ് എല്ലാ വീടുകളിലും വിറകു വെട്ടി വയ്ക്കണം, ചോര്‍ന്നൊലിക്കുന്ന കൂരയുടെ ഓലയും ഓടുമൊക്കെ മാറ്റി പുതിയത് ചേര്‍ക്കണം, തെങ്ങിന് തടമെടുത്ത് വളം ഇടണം, വരാനിരിക്കുന്ന പട്ടിണിയെ മാറ്റാന്‍ എന്തെങ്കിലുമൊക്കെ കരുതി വയ്ക്കണം. അങ്ങനെ അങ്ങനെ നൂറുകൂട്ടം പണികള്‍. ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതയാരുന്നു ഏറ്റവും പ്രയാസം. കുടിലുകളിലെ കാര്യമായിരിക്കും കഷ്ടം. മിക്കയിടത്തും കരുതി വയ്ക്കാന്‍ അരിപോലും ഉണ്ടാകുകയില്ല. ഇടവപ്പാതി തുടങ്ങുമ്പോള്‍ തന്നെ ദാരിദ്രവും തുടങ്ങുമെന്നര്‍ത്ഥം. ചേനയും ചേമ്പും കരുതി വയ്ക്കും പിന്നെ ചക്കയും കപ്പയും ഉണക്കി സൂക്ഷിക്കും. എങ്ങനെ പോയാലും ഒരു നേരം പട്ടിണിയില്ലാതെ എന്ത് കര്‍ക്കടകം. കലിതുള്ളി പെയ്യുന്ന മഴയില്‍ സൂര്യനെ കാണാന്‍പോലും കിട്ടില്ല.
സൂര്യകിരണങ്ങള്‍ക്കു ശക്തികുറയുന്നതോടെ രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ തുടങ്ങും.
മനസും ശരീരവും തളരുന്നതോടെ പൂര്‍ണ വിശ്രമത്തിനുള്ള നാളുകള്‍ കൂടിയാണ് കര്‍ക്കടകം. ഔഷധക്കൂട്ടുകള്‍ നിറഞ്ഞ കര്‍ക്കടകകഞ്ഞി സേവിക്കലാണ് അക്കാലത്ത് പ്രധാനം. ഓരോ നാട്ടിലും കഞ്ഞിക്കുള്ള കൂട്ടുകള്‍ ഓരോ രീതിയിലാണെന്നു മാത്രം. കുറുന്തോട്ടി വേര്, പഴുക്ക പ്ലാവില ഞെട്ട്, ജീരകം എന്നിവ അരച്ച് ആട്ടിന്‍പാലിലോ പശുവിന്‍പാലിലോ് കലര്‍ത്തും. അതില്‍ വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് നവരയുടെ പൊടിയരിയിട്ട് വെന്തുപാകമായാല്‍ ഉപയോഗിക്കുന്നതാണ് ഒരു രീതി. കൂവളയില, പഴമുതിര, അയമോദകം, ചെറുപയര്‍, ഇന്തുപ്പ് തുടങ്ങിയ ഔഷധങ്ങള്‍ ചേര്‍ത്തും കര്‍ക്കടക കഞ്ഞി തയാറാക്കാറുണ്ട്. വാതശമനത്തിന് ഔഷധങ്ങള്‍ സേവിക്കുന്നതും കുഴമ്പിട്ടുള്ള തേച്ചു കുളിയും കര്‍ക്കടകത്തില്‍ പ്രധാന്യമേറിയതാണ്.
ഇന്ന് അടുത്ത കടയില്‍ നിന്ന് പായ്ക്കറ്റില്‍ കിട്ടുന്ന മരുന്ന്കഞ്ഞി കിറ്റു വാങ്ങി പലരും ഇന്ന് സേവിക്കുന്നത് പഴയൊരു ആചാരത്തിന്റെ തുടര്‍ച്ച എന്നവണ്ണമാണ്. കേരളത്തിലിന്ന് ആയൂര്‍വേദത്തിന് പ്രചാരമേറിയതോടെ കര്‍ക്കടക മാസം പ്രമാണിച്ചുള്ള ആരോഗ്യസംരക്ഷണ ചികിത്സകള്‍ക്കും പ്രിയമേറിയിട്ടുണ്ട്. കാലാവസ്ഥയുമായി ചേര്‍ത്തുവേണം കര്‍ക്കടകമാസത്തെ ആരോഗ്യചിന്തകളെ മനസിലാക്കാന്‍. വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും കോരിച്ചൊരിയുന്ന മഴയിലേക്ക് കടക്കുന്ന നാളുകളാണ് ഇടവം, മിഥുനം, കര്‍ക്കടകം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ നാളുകളില്‍ ശരീരബലവും പ്രതിരോധശക്തിയും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല മണ്ണില്‍ പണി എടുക്കുന്ന ജനതയ്ക്ക് വാതവും പിത്തവുമൊക്കെ കടന്നു പിടിക്കുന്ന സമയവും. ശരീരം പൊതുവേ ദുര്‍ബലമായ കാലമായതുകൊണ്ടു തന്നെ ഈ കാലയളവില്‍ ചെയ്യുന്ന ചികിത്സകളോട് ശരീരം അനുകൂലമായി പ്രതികരിക്കും. വര്‍ഷാവസാനം ശരീരത്തെ പുതുക്കി എടുത്ത് പുതുവര്‍ഷത്തില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ ആക്കി മാറ്റുകയുമാണ്. അതുകൊണ്ടു തന്നെയാണ് കര്‍ക്കടകത്തിലെ സുഖചികിത്സയ്ക്ക് ഇന്നും പ്രിയമേറുന്നതും.
കര്‍ക്കടകമാസത്തില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളും നടത്തുന്ന പതിവ് കേരളത്തിലെ വീടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ രാമായണമാസമായി ആചരിക്കാന്‍ തുടങ്ങിയത് 1982ല്‍ എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളന നിര്‍വാഹക സമിതിയോഗത്തിലാണ്. ആരോഗ്യകാര്യത്തിലെന്നപോലെ ആത്മീയമായ ഉണര്‍വിനെയും ഉത്തേജിപ്പിക്കുക എന്നതാണ് രാമായണ പാരായണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. രാമനാമം പാടി വന്ന പൈങ്കിളിപെണ്ണിന്റെ ശ്രീരാമചരിതം കേട്ടുണര്‍ന്ന പകലുകളായിരുന്നു മലയാളിക്ക് കര്‍ക്കടകം. കത്തിച്ചുവെച്ച വിളക്കിനു മുന്നില്‍ രാമയാത്ര ചൊല്ലി കേള്‍പ്പിക്കുന്ന മുത്തശിമാരും മുത്തശന്മാരും ഇന്ന് ഇല്ലാതെയായി. അകത്തളങ്ങളില്‍ ടിവിയുടെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞതോടെ രാമചരിതം എവിടെയൊക്കയോ മാത്രം മുഴങ്ങി.
പിതൃബലിയാണ് കര്‍ക്കടകത്തിലെ മറ്റൊരു സവിശേഷത. മരിച്ചുപോയ ആളുകളെ ഓര്‍ത്തെടുക്കുന്ന മലയാളിയുടെ മഹാസംസ്‌കാരത്തിന്റെ മറ്റൊരുദിനം. ആചാരങ്ങളിലും വിശ്വാസങ്ങളിലും മലയാളി അടിയുറച്ചതോടെ ഇന്ന് ഇത്തരം ചടങ്ങുകള്‍ക്ക് വിശ്വാസം ഏറിയിട്ടും ഉണ്ട്.
കര്‍ക്കടകത്തിന്റെ പഞ്ഞത്തിനിടയിലും പ്രതീക്ഷ വരാനിരിക്കുന്ന ചിങ്ങത്തെയോര്‍ത്താണ്. ചിങ്ങത്തിന്റെ വരവ് അറിയിച്ച് കര്‍ക്കടകത്തിലെ തിരുവോണത്തിനാണ് പിള്ളേരോണം. ഇല്ലായ്മയുടെ നടുവിലാണ് പിള്ളേരോണമെങ്കിലും മലയാളി അതും ആഘോഷിച്ചു.