ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം അർജന്‍റീനന്‍ ഫുട്ബോള്‍ ടീം നാളെ ആദ്യ മത്സരത്തിന് ഇറങ്ങും. പാനമയാണ് എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്കാണ് മത്സരം. 83000 കാണികൾക്കിരിക്കാവുന്ന ബ്യൂണസ് അയേഴ്‌സിലെ മോണുമെന്‍റൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് നേടിയ അർജന്‍റൈൻ സംഘത്തിലെ ഭൂരിഭാഗം താരങ്ങളും നാളെയും കളിക്കും. 28ന് കുറക്കാവോയുമായാണ് അർജന്‍റീനയുടെ രണ്ടാമത്തെ മത്സരം.അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ സൂപ്പർ താരം ലിയോണൽ മെസി നാളെ കളത്തിലിറങ്ങുമ്പോൾ ഒരുപിടി റെക്കോർഡുകള്‍ മുന്നിലുണ്ട്. കരിയറിൽ 800 ഗോളും അർജന്‍റീനയ്ക്കായി 100 ഗോൾ നേട്ടവും മെസി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
ഗോളടിച്ചും ഗോളടിപ്പിച്ചും അർജന്‍റീനയുടെ സ്വപ്നം സാക്ഷാത്കരിച്ചാണ് ലിയോണൽ മെസി നാട്ടുകാർക്ക് മുന്നിൽ പന്ത് തട്ടാനിറങ്ങുന്നത്. പാനമയ്ക്കെതിരെ ഒരു ഗോൾ കൂടി നേടിയാൽ കരിയറിലെ ഗോൾ നേട്ടം 800ലെത്തും. മുന്നിൽ 828 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രം. ആൽബിസെലസ്റ്റെ ജേഴ്‌സിയിൽ മെസിയുടെ ഗോളുകൾ 98 ആണ്. പാനമയ്ക്കെതിരെ ഇരട്ട ഗോൾ നേടിയാൽ അന്താരാഷ്‍ട്ര കരിയറിൽ 100 ഗോളിലെത്തുന്ന മൂന്നാമത്തെ താരമാകും മെസ്സി. 109 ഗോളുമായി അലി ദേയിയും 118 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും മുന്നിൽ നില്‍ക്കുന്നു.ബാഴ്‌സലോണയ്ക്കായി 672 ഉം പിഎസ്‌ജിക്കായി 29 ഉം ഗോളുമാണ് ലിയോണല്‍ മെസി ഇതുവരെ നേടിയത്. ലോകകപ്പും കോപ്പ അമേരിക്കയും ഫിനലിസിമയും അർജന്‍റീനയ്ക്ക് വേണ്ടി സ്വന്തമാക്കിയ മെസിക്കാകട്ടെ ഇനി സമ്മർദമേതുമില്ലാതെ കളിക്കാം. 35കാരനായ മെസിക്ക് താൽപര്യമുള്ള കാലത്തോളം അർജന്‍റീന ടീമിൽ തുടരാനാകുമെന്ന് കോച്ച് ലിയോണൽ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്