തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്കു നൽകുന്നതിനെ വിമർശിച്ച് ചാനലിൽ വന്ന ശബ്ദരേഖയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനോടു മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ശിൽപശാലയ്ക്കിടെ ഷാനവാസ് വിമർശിച്ചിരുന്നു.
50% മാർക്കുവരെ നൽകുന്നതിൽ കുഴപ്പമില്ലെന്നും എ പ്ലസ് വർധിപ്പിക്കാനായി ഉദാരമായി മാർക്കുകൾ നൽകരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. അവിടെ നിർത്തണം. അതിനപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ്.
അല്ലെങ്കിൽ നമ്മൾ വിലയില്ലാത്തവരായി, കെട്ടുകാഴ്ചയായി മാറും. പരീക്ഷ, പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്കു മാത്രമാണ് എസ്എസ്എൽസിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് കിട്ടിയത്. പലർക്കും അക്ഷരം കൂട്ടി വായിക്കാനോ സ്വന്തം പേര് എഴുതാനോ അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു.