ചെന്നൈ: ഹിന്ദി ഭാഷയെ യാതൊരെതിര്‍പ്പുമില്ലാതെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ പാടേതള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഹിന്ദി ഭാഷയ്ക്ക് ദാസ്യപ്പെടാന്‍ ഒരുക്കമല്ലെന്ന പ്രസ്താവനയോടെയാണ് സ്റ്റാലിന്‍ ശനിയാഴ്ച തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.
സ്വീകാര്യത മന്ദഗതിയിലാണ് സാധ്യമാകുന്നതെങ്കിലും യാതൊരെതിര്‍പ്പുമില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്ന് വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദി മറ്റു പ്രാദേശികഭാഷകളുമായുള്ള പന്തയത്തിനില്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതല്‍ കരുത്താര്‍ജിക്കാനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഇതിനെതിരെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. “ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂര്‍വമായ നിലപാടിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമര്‍ത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേല്‍പ്പിക്കലിനേയും സ്വീകരിക്കാന്‍ തമിഴ്‌നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്”, സ്റ്റാലിന്‍ കുറിച്ചു.