രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യയുടെ യുവ നേതാവായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുൽ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിൻ കുറിച്ചു.
രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൂറത്ത് ജില്ലാ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചിരിക്കുന്നത്. മേൽക്കോടതിയെ സമീപിക്കാനായി 30 ദിവസം വരെ രാഹുൽ ഗാന്ധിക്ക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സമയവും അനുവദിച്ചിട്ടുണ്ട്. പക്ഷേ അപ്പീലിന് പോകും മുൻപേ തന്നെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത് ഒരു ജനപ്രതിനിധിയുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
നിലവിൽ ജില്ലാ കോടതി മാത്രമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും, രാഹുൽ ഗാന്ധിക്ക് ഹൈക്കോടതിയിൽ അപ്പീലിന് പോകാമെന്നും, സുപ്രിംകോടതിയാണ് അന്തിമ വിധി പുറപ്പെടുവിക്കേണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിജെപി തക്കം പാർത്തിരുന്ന പേലെയാണ് പെരുമാറുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു. സഹോദരൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഉണ്ടാക്കിയ പ്രഭാവം ബിജെപിയുടെ ഭയത്തിന് കാരണമായി. രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് തിരിച്ച് വരുമോ എന്ന പേടികൊണ്ടാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഇതോടെ ‘ജനാധിപത്യം’ എന്ന ഉച്ചരിക്കാൻ പോലുമുള്ള അവകാശം ബിജെപിക്ക് നഷ്ടമായി’- സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒരാൾ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം അയാളെ അയോഗ്യനാക്കുന്നത് നല്ലതല്ലെന്നും അയോഗ്യനാക്കിയ തീരുമാനം തിരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. രാജ്യത്തെ പുരോഗമന ജനാധിപത്യ ശക്തികളെ കശാപ്പ് ചെയ്യുന്നതാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്നും ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും സ്റ്റാലിൻ കുറിച്ചു.