തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. ഭക്ഷ്യവകുപ്പ് , ജലവിഭവ വകുപ്പുചേര്‍ന്ന് ആവിഷ്‌കരിച്ച സുജലം പദ്ധതിയിലൂടെയാണിത് പത്തു രൂപ നിരക്കില്‍ വെള്ളം എത്തിക്കുന്നത്.
സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ യുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വഴി വില്‍പ്പന നടത്തുന്നത്. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലിറ്റര്‍ കുപ്പികുടിവെള്ളം 10 രൂപയ്ക്കു റേഷന്‍കടകളിലൂടെ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. അര ലിറ്റര്‍, ഒരു ലിറ്റര്‍, 5 ലിറ്റര്‍ കുപ്പിവെള്ളം യഥാക്രമം 8 രൂപ, 10 രൂപ, 50 രൂപ വിലയ്ക്ക് റേഷന്‍കടകളിലൂടെ ലഭ്യമാക്കും.
ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷന്‍ കടകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലും വെള്ളം ലഭ്യമാക്കും.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ-സ്റ്റോര്‍ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നത്.