ചങ്ങനാശേരി: വൈക്കം സത്യഗ്രഹത്തിനു നേതൃത്വം നല്കിയ മന്നത്ത് പത്മനാഭനും എന്‍എസ്എസിനും പരിഗണന നല്‍കാതെ അവഗണിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂര്‍ സത്യഗ്രഹത്തിനും തുടക്കമിട്ടതു ക്ഷേത്രത്തിനു സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. മന്നത്തുപത്മനാഭന് നേതൃത്വം ഏറ്റെടുത്ത ശേഷം ഈ സത്യഗ്രഹങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ളതായി മാറി.
ചടങ്ങുകളിലൊക്കെ മന്നത്തിനോടൊപ്പമുണ്ടായിരുന്നവര്ക്കു നല്‍കിവരുന്ന പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്ക്കോ നല്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടില്ല. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ രൂപീകരിച്ച സംഘാടകസമിതിയില്‍ വൈസ് ചെയര്മാന്മാരില് ഒരാളായി എന്‍എസ്എസിനു വേണ്ടി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായി പത്രവാര്‍ത്ത കണ്ടു.
സംഘാടകസമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനാൽ നായര്‍ സര്‍വീസ് സൊസൈറ്റി അതില്‍നിന്ന് ഒഴിഞ്ഞുമാറിനിന്നുള്ള ശതാബ്ദിയാഘോഷത്തില്‍ അഭിമാനം കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേർത്തു.