ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധന തീരുമാനം ചോദ്യം ചെയ്യുന്ന 58 ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ 4നു വിരമിക്കുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ മാസം 7നാണു വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
ഇന്നത്തെ കേസ് ലിസ്റ്റ് പ്രകാരം, ഈ ഹർജികളിൽ രണ്ടു വിധിന്യായങ്ങളുണ്ടാകും. ഭൂരിപക്ഷാഭിപ്രായത്തോടു യോജിച്ചാണോ വിയോജിച്ചാണോ പ്രത്യേക വിധിന്യായമെന്നതു വ്യക്തമല്ല. ഹർജികളിൽ വിശദമായ വാദം കേട്ട കോടതി, നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകിയിരുന്നു. കേന്ദ്ര സർക്കാർ രഹസ്യരേഖയായാണു ഫയലുകൾ നൽകിയത്. നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടത് എന്നതുകൊണ്ടു മാത്രം ഇക്കാര്യത്തിൽ കാഴ്ചക്കാരനാകാൻ കഴിയില്ലെന്നു വാദം കേൾക്കലിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
2016ലെ നോട്ടുനിരോധന തീരുമാനം ഇപ്പോൾ കോടതി പരിശോധിക്കുന്നതിനോടു ശക്തമായ വിയോജിപ്പാണ് സർക്കാർ ഉയർത്തിയത്. ഗുരുതര പിഴവുകളാണു സർക്കാരിനു സംഭവിച്ചതെന്നു ഹർജിക്കാർക്കു വേണ്ടി അഭിഭാഷകനും മുൻ ധനമന്ത്രിയുമായ പി.ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.