തൃശൂർ : പുലിക്കളി സംഘങ്ങൾക്ക് അര ലക്ഷം രൂപ വീതം സുരേഷ് ഗോപിയുടെ ഓണസമ്മാനം. ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റിൽനിന്നാണ് സുരേഷ് ഗോപി 5 ദേശങ്ങൾക്കും അരലക്ഷം രൂപ വീതം നൽകിയത്. പുലിമടകളിൽ ഒരുക്കങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും പുലിക്കളിയിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്നും പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയതു വഴി സ്ത്രീകളും പുലികളാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പുലിക്കളിയെ കൂടുതൽ ജനകീയമാക്കി തൃശൂർ പൂരത്തിനു സമാനമായ ആഘോഷമാക്കി മാറ്റുന്നതിനു മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കോർപറേഷൻ, വിവിധ പുലിക്കളി സംഘങ്ങൾ എന്നിവയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും മാസ്റ്റർ പ്ലാൻ തയാറാക്കുക.
പുലിക്കളി സംഘങ്ങളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ കലാകാരൻമാരെ പുലിക്കളിയിലേക്ക് ആകർഷിക്കുക, കൂടുതൽ വൈവിധ്യങ്ങൾ കൊണ്ടുവരുന്നതിന്റെ സാധ്യതകൾ പരിശോധിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാകും മാസ്റ്റർ പ്ലാൻ.