ആലപ്പുഴ : ബിജെപിയോട് ഇടയുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നു. ബിഡിജെഎസ് നേതാക്കളെ ചർച്ചയ്ക്കായി 21നു ഡൽഹിയിലേക്കു ബിജെപി നേതാക്കൾ ക്ഷണിച്ചതായാണ് വിവരം. മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്നു വരെ സൂചിപ്പിച്ച ബിഡിജെഎസ് നേതാക്കളുടെ പരിഭവം തീർക്കാനുള്ള ചർച്ചയിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും.
കൊച്ചിയിൽ നടന്ന ബിഡിജെഎസ് സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കൾ എത്താഞ്ഞതിനെ ബിഡിജെഎസ് നേതാക്കൾ വിമർശിച്ചിരുന്നു. അതിനു മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തിൽ സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതിലും ബിഡിജെഎസിനു പ്രതിഷേധമുണ്ട്.
ആറു മാസത്തിനകം സംസ്ഥാന കൺവൻഷൻ നടത്തി കരുത്തുകാട്ടുമെന്ന് ശിബിരം ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിക്കു കൂടിയുള്ള മുന്നറിയിപ്പാണ്. ബൂത്ത് തലം മുതൽ സമ്മേളനങ്ങൾ നടത്തിയ ശേഷമുള്ള കൺവൻഷനിൽ പാർട്ടി പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചേക്കുമെന്നും അറിയുന്നു. 27ന് എൻഡിഎ നടത്താനിരിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പാർട്ടി പങ്കെടുക്കണോ എന്നതു പുനരാലോചിക്കണമെന്നു പോലും പഠന ശിബിരത്തിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഒരു ഓട്ടോറിക്ഷയിൽ കയറാൻ മാത്രം ആളുള്ള പാർട്ടികൾ അധികാരത്തിലിരിക്കുമ്പോൾ വലിയ ജനകീയ അടിത്തറയുള്ള ബിഡിജെഎസ് സാമൂഹികനീതിക്കായി പോരാടുകയാണ് എന്ന തുഷാറിന്റെ വാക്കുകളെ ഒരേ സമയം ബിജെപിക്കുള്ള വിമർശനവും എൽഡിഎഫിനോടുള്ള അനുഭാവവുമായി വ്യാഖ്യാനിക്കുന്നവർ പാർട്ടിയിലുണ്ട്.
പഠന ശിബിരം ഉദ്ഘാടനം ചെയ്യാമെന്നേറ്റ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് ഉൾപ്പെടെ ബിജെപിയിൽ നിന്ന് ആരും പരിപാടിയിൽ പങ്കെടുക്കാഞ്ഞതിൽ ബിഡിജെഎസിനുള്ള അമർഷം പല നേതാക്കളും വെളിപ്പെടുത്തുന്നുണ്ട്. വിട്ടുനിന്നതിന്റെ കാരണം ബിജെപി നേതാക്കൾ പറഞ്ഞിട്ടില്ല.എന്നാൽ, ബിഡിജെഎസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയന്റെ ഫെയ്സ്ബുക് പോസ്റ്റ് ഉൾപ്പെടെ വിട്ടുനിൽക്കലിനു കാരണമാണെന്ന് അറിയുന്നു. തൃശൂരിൽ സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനെ പരിഹസിച്ചും വിമർശിച്ചുമായിരുന്നു അനിരുദ്ധിന്റെ കുറിപ്പ്.