ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന, വിശാല മന്ത്രിസഭാ യോഗം ഇന്ന് നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പ്രഗതി മൈതാനിയിലെ കൺവെൻഷൻ സെന്ററിൽ വൈകിട്ട് നാല് മണിക്കാണ് യോഗം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃനിരയിലും കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടേത് ഉൾപ്പടെയുള്ള വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മുൻ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു എന്ന വാർത്ത കേരള നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. സുരേഷ് ഗോപി മന്ത്രിയാകാൻ യോഗ്യനാണെന്ന് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. യോഗ്യതയുള്ളവർ ധാരാളമുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനമെടുക്കേണ്ടത്. ഒരു സീറ്റുപോലുമില്ലെങ്കിലും കേന്ദ്രസർക്കാർ കേരളത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.