തൃശൂർ : പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ രാജ്യത്തിന്റെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ആത്യന്തികമായി നടപ്പാകാൻ പോകുന്നത് ദാരിദ്ര്യനിർമാർജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാൻ പറ്റും. അത്രേയുള്ളൂ. വഹിക്കാൻ പറ്റും. അതിനാണീ മുഖ്യമന്ത്രി. ഇതു രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗമാണ്. ആവേശത്തോടെ സ്വീകരിക്കപ്പെടും. നിങ്ങൾ നോക്കിക്കോളൂ.
തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ. തിരഞ്ഞെടുപ്പിന് ഗുണമാകാനല്ല’’ – തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.
വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റിൽ പാസാക്കിയത്.