തിരുവനന്തപുരം: സിപിഎം പ്രതിനിധി ബി എൻ ഹസ്കറിനെതിരെ സ്വപ്ന സുരേഷ് വക്കീൽ നോട്ടീസ് അയച്ചു. ചാനൽ ചർച്ചയിൽ അപകീർത്തിപരമായ പരാമർശം നടത്തി എന്നതാണ് ആരോപണം.
ഒരാഴ്ചയ്ക്കകം പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ ഹസ്കറിന് എതിരെ കേസുകൊടുക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഹസ്കർ പറഞ്ഞത് ഇങ്ങനെ:
ഞാൻ പറയുന്നതിൽ വളരെ സങ്കടമുണ്ട്. നമ്മുടെ മലയാളത്തിൽ ഒരുചൊല്ലുണ്ട്. ഈ ഉടുതുണിയില്ലാതെ നടക്കുന്നവനോട് മുണ്ടുരിഞ്ഞ് കാണിച്ചിട്ട് കാര്യമില്ല എന്ന്. സ്വപ്ന സുരേഷിനെ പോലെ ഒരു വ്യക്തിക്ക് നേരേ മാനനഷ്ടക്കേസ് കൊടുക്കാൻ, കേരളത്തിൽ ആറുപതിറ്റാണ്ടുകാലമായി പൊതുജീവിതം നയിക്കുന്ന ഒരുമനുഷ്യൻ തയ്യാറാകുമോ?
ഈ പരാമർശം വഴി താൻ ധാർമിക ച്യുതിയുള്ള ആളാണെന്ന് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് സ്വപ്ന ആരോപിക്കുന്നു. മാത്രമല്ല, തീർത്തും വിശ്വാസ്യതയില്ലാത്ത ആളാണെന്നും, പൊതുജനമധ്യത്തിൽ മോശക്കാരിയെന്ന് വരുത്താനും ശ്രമിച്ചെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമെന്റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും.
എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടിവിയിൽ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും.
ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല.
ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.