കൊച്ചി : സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളത്തിൽ സ്വപ്ന സുരേഷിനു സംസ്ഥാന സർക്കാർ സംരംഭമായ സ്പേസ് പാർക്കിൽ നിയമനം ലഭിച്ചതിന്റെ വിശദാംശങ്ങളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ മുൻ സിഇഒ യു.വി.ജോസ് നൽകിയ മൊഴികളുടെ വെളിച്ചത്തിൽ സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇഡി രേഖപ്പെടുത്തി.
സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളിൽ എത്തിക്കാനുള്ള കുറുക്കുവഴിയായ ‘റിവേഴ്സ് റഫറൽ’ വഴിയാണു മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർക്കാർ സംരംഭത്തിൽ സ്വപ്നയുടെ നിയമനം ഉറപ്പാക്കിയതെന്നാണ് ഇഡിയുടെ നിഗമനം.
ഇതിനായി സർക്കാരിന്റെ കൺസൽറ്റിങ് സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ലുസി) എം.ശിവശങ്കർ ഉപയോഗപ്പെടുത്തിയത്. പിഡബ്ല്യുസി പ്രതിനിധികളുടെ മൊഴികളും ഇഡി രേഖപ്പെടുത്തി തുടങ്ങി. സ്വപ്നയുടെ നിയമനത്തിനു സർക്കാർ പിഡബ്ലുസിക്കു മാസം നൽകേണ്ടിയിരുന്നത് 3.80 ലക്ഷം രൂപയാണ്.
ഇതുസംബന്ധിച്ചു സ്പേസ്പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പും പിഡബ്ല്യുസി അസോഷ്യേറ്റ് ഡയറക്ടർ സി.പ്രതാപ മോഹൻനായരും നടത്തിയ ഇമെയിൽ സന്ദേശങ്ങളുടെ പകർപ്പ് ഇഡി ശേഖരിച്ചിട്ടുണ്ട്.
യു.വി.ജോസിന്റെ മൊഴികൾ ശരിവയ്ക്കുന്ന വെളിപ്പെടുത്തൽ നടത്താനും തെളിവുകൾ കൈമാറാനും സ്പേസ് പാർക്ക്, പിഡബ്ല്യുസി പ്രതിനിധികൾ തയാറായാൽ ചില നിർണായക അറസ്റ്റിലേക്ക് ഇഡി അടുത്ത ദിവസങ്ങളിൽ നീങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്. ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന സ്പേസ് പാർക്കിലെ തസ്തികയിൽ സ്വപ്നയെ എത്തിക്കാൻ എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ പേര് പലതവണ ദുരുപയോഗിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.