ന്യൂഡൽഹി: തനിക്കെതിരേയുള്ള അതിക്രമം സംബന്ധിച്ച പരാതി വ്യാജമാണെന്ന് ആരോപിച്ച ബി.ജെ.പിക്കെതിരേ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ജീവിച്ചിരിക്കുന്ന കാലത്തോളം പോരാട്ടം തുടരുമെന്നും വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.
‘എന്നെക്കുറിച്ച് വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് എന്നെ ഭയപ്പെടുത്താൻ സാധിക്കുമെന്ന് കരുതുന്നവരോട്, ഈ ചെറിയ ജീവിതത്തിൽ പല വലിയ കാര്യങ്ങളും ഞാൻ ചെയ്തു കഴിഞ്ഞു. നിരവധി തവണ ആക്രമണത്തിനിരയായി, പക്ഷെ ഒന്നും നിർത്തിയില്ല. എനിക്ക് നേരെയുള്ള എല്ലാ ക്രൂരതകളും, എന്റെ ഉള്ളിലുള്ള അഗ്നിയെ ശക്തിപ്പെടുത്തി. എന്റെ ശബ്ദത്തെ അടിച്ചമർത്താൻ ആർക്കും സാധിക്കില്ല. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം പോരാടും’ സ്വാതി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു, രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ ഡൽഹി എയിംസിനടുത്ത് വെച്ച് സ്വാതിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കാറിൽ സ്ഥലത്തെത്തിയ സമൂഹവിരുദ്ധസംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) സ്വാതിയോട് അസഭ്യം പറഞ്ഞു. കാറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ചു പോവുകയായിരുന്നു. അല്പസമയത്തിനുള്ളിൽ മടങ്ങിയെത്തി കാറിൽ കയറാൻ നിർബന്ധിച്ചു. ഡ്രൈവറുടെ സൈഡ് വിൻഡോയ്ക്കു സമീപംചെന്ന് സ്വാതി കൈചൂണ്ടി കയർക്കുന്നതിനിടെ പ്രതി കാറിന്റെ ചില്ലുയർത്തി സ്വാതിയുടെ കൈ ചില്ലിനിടയിൽ കുടുക്കി. തുടർന്ന് കാർ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചുവെന്നായിരുന്നു പരാതി.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹരീഷ് ചന്ദ്രയെ അരമണിക്കൂറിനകം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സ്വാതിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറഞ്ഞ് ബിജെപി രംഗത്തെത്തിയിരുന്നു. പ്രതി ഹരീഷ് ചന്ദ്ര ആം ആദ്മി പാർട്ടി അംഗമാണെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വാതിയുടെ ട്വീറ്റ്.