കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്നുണ്ടാകും. സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പ്രതികളുടെ വിസ്താരം കൊച്ചി എൻ ഐ എ കോടതിയിലാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്.
തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എൻ ഐ എ കണ്ടെത്തൽ.