ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ ശാന്തിനികേതൻ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് യുനെസ്കോയുടെ പ്രഖ്യാപനം. ഇതോടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ 41ാമത്തെ പൈതൃക സ്ഥലമായി ശാന്തിനികേതൻ മാറി. ലോക പൈതൃക പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. സൗദി അറേബ്യയിൽ നടക്കുന്ന 45–ാം ലോക പൈതൃക സമിതിയിലാണ് പ്രഖ്യാപനമുണ്ടായത്.
ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 160 കിലോമീറ്റർ അകലെ ബിർബും ജില്ലയിലാണ് ശാന്തിനികേതൻ സ്ഥിതി ചെയ്യുന്നത്. നൊബേൽ പുരസ്കാര ജേതാവ് രബീന്ദ്രനാഥ ടാഗോർ ഇവിടെ പ്രശസ്തമായ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചിരുന്നു.
‘എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാനനിമിഷമാണെ’ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രബീന്ദ്രനാഥ ടാഗോറിന്റെ ദർശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പ്രതീകമായ ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.