ചെന്നൈ: ഗവർണർ ആർ.എൻ.രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ഗവർണർ സ്ഥാനത്ത് തുടരാൻ രവി യോഗ്യനല്ലെന്ന് അറിയിച്ചുള്ള കത്തിൽ, സംസ്ഥാനത്ത് അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ പട്ടികയും ഉൾപ്പെടുത്തി.
സംസ്ഥാനത്ത് ജനങ്ങൾക്കും അവരുടെ താൽപര്യങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഗവർണർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്നു കത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രി സെന്തിൽ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കുകയും ചെയ്ത നടപടി സ്റ്റാലിൻ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. മന്ത്രിമാരെ നിയമിക്കുന്നതിലും പിരിച്ചുവിടുന്നതിലും ഗവർണർക്കല്ല മറിച്ച് മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കത്തിൽ സൂചിപ്പിച്ചു.
പാസാക്കാത്ത ബില്ലുകളുടെ പട്ടികയും, അഴിമതിക്കേസുകളിൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ വൈകിപ്പിക്കുന്നതും പറയുന്നുണ്ട്. ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റായാണ് പ്രവർത്തിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതിയാണ് ഗവർണറുടേത്. അദ്ദേഹം മതേതരത്വത്തിൽ വിശ്വസിക്കുന്നില്ല. മതത്തെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളിലൂടെ തമിഴ്നാടിന്റെ സംസ്കാരത്തെ ആക്ഷേപിക്കുകയും ജനങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നു.
തമിഴ്നാടിന്റെ പേരു മാറ്റണമെന്ന നിർദേശം തന്നെ സംസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് വെളിവാക്കുന്നതാണ്. ഗവർണർ എന്ന ഉയർന്ന ഭരണഘടനാ പദവിയിൽ ആർ.എൻ.രവി തുടരുന്നത് അഭികാമ്യമാണോ എന്നത് രാഷ്ട്രപതി തീരുമാനിക്കണമെന്നും 19 പേജുള്ള കത്തില്‍ സ്റ്റാലിൻ ആവശ്യപ്പെട്ടു.