പ്രശസ്തനായ ഇന്ത്യൻ വ്യവസായി മാത്രമല്ല വലിയൊരു മൃഗസ്നേഹി കൂടിയാണ് രത്തൻ ടാറ്റ. മൃഗങ്ങളോടുള്ള അമിത വാത്സല്യംമൂലം ഇന്ത്യയിൽ 165 കോടി രൂപയുടെ മൃഗാശുപത്രി ആരംഭിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. നായ്ക്കളോടുള്ള സ്നേഹം പലപ്പോഴും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിന് അവബോധം വളർത്തുന്നതിനായി നിരവധി ക്യാമ്പെയിനുകളും ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
ടാറ്റ ട്രസ്റ്റ് സ്മോൾ അനിമൽ ഹോസ്പിറ്റൽ എന്ന പേരിൽ 165 കോടിയുടെ പദ്ധതി ഒരുങ്ങുന്നത് മുംബൈയിലാണ്. 2.2 ഏക്കറിൽ നിർമിക്കുന്ന മൃഗാശുപത്രിയിൽ നായ, പൂച്ച, മുയലുകൾ തുടങ്ങി വളരെ ചെറിയ ജീവികളെ വരെ ചികിത്സിക്കാം. ആശുപത്രി 24 മണിക്കൂറും പ്രവർത്തനക്ഷമമായിരിക്കും. “എന്റെ ദീർഘകാല സ്വപ്ന പദ്ധതിയാണിത്. വളർത്തുമൃഗങ്ങൾ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്. അവരെ സംരക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ഈ ആശുപത്രിയുടെ ആവശ്യകത ഞാൻ തിരിച്ചറിയുന്നു”, രത്തൻ ടാറ്റ പറഞ്ഞു.
മൾട്ടി ഡിസിപ്ലിനറി പരിചരണത്തോടൊപ്പം ശസ്ത്രക്രിയ, ഡയഗ്നോസ്റ്റിക് കൂടാതെ ഫാർമസി സേവനങ്ങളും ആശുപത്രിയിലുണ്ടാകും. 4 നിലകളിലായി 200 രോഗികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രശസ്ത ബ്രിട്ടീഷ് വെറ്ററിനറി ഡോക്ടർ തോമസ് ഹീത്ത്‌കോട്ടാണ് ആശുപത്രിയ്ക്ക് നേതൃത്വം നൽകുന്നത്. ലണ്ടനിലെ റോയൽ വെറ്ററിനറി കോളേജ് ഉൾപ്പെടെ അഞ്ച് യുകെ വെറ്റിനറി സ്‌കൂളുകളുമായി സഹകരിച്ചാണ് ആശുപത്രി പ്രവർത്തിക്കുക.