ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിലെ പുതിയ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമിക്കുന്ന ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി–295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനം 2026ൽ പുറത്തിറങ്ങും.കോംപ്ലക്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസും ചേർന്ന് നിർവഹിച്ചു.
ഇന്ത്യയുടെ പ്രതിരോധ ഉൽപാദന മേഖല പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മോദി പറഞ്ഞു.വ്യോമസേനയ്ക്ക് 56 സി–295 വിമാനങ്ങൾ ലഭ്യമാക്കുന്നതിനായി സ്പെയിൻ ആസ്ഥാനമായ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം 2021ലാണ് കരാർ ഒപ്പിട്ടത്. 21,935 കോടിയുടേതാണ് കരാർ. 16 വിമാനങ്ങൾ സ്പെയിനിൽ നിന്ന് ഇന്ത്യയ്ക്ക് നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുെ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും(PTI Photo)
ഇതിൽ ആദ്യ 6 എണ്ണം എത്തിക്കഴിഞ്ഞു. ബാക്കി 40 എണ്ണമാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി സഹകരിച്ച് വഡോദരയിൽ നിർമിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സൈനിക വിമാനത്തിന്റെ നിർമാണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത്. വിമാനത്തിന്റെ ഏകദേശം 13,000 ഘടകങ്ങൾ ഇന്ത്യയിൽ തന്നെയാണ് നിർമിക്കുന്നത്.
37 കമ്പനികളാണ് ഇത് നിർമിക്കുക. ഇതിൽ 33 എണ്ണം സൂക്ഷ്മ–ചെറുകിട–ഇടത്തരം സ്ഥാപനങ്ങളാണ്.നേരിട്ടും അല്ലാതെയും ഏഴായിരത്തോളം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.2 വർഷം കൊണ്ടാണ് ടാറ്റയുടെ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്.