മസ്കത്ത്: അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ടാക്‌സി നിരക്ക് കുത്തനെ കുറച്ച് ഒമാന്‍ ഗതാഗത മന്ത്രാലയം. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ അനുമതിയുള്ള ഓൺലൈൻ ടാക്സികളുടെ നിരക്കുകളാണ് 45 ശതമാനം കുറച്ചത്.
വിമാനത്താവളത്തിൽ സർവീസ് നടത്തുന്നതിന് അനുമതി ലഭിച്ച ഓൺലൈൻ ടാക്സികളുടെ ചുരുങ്ങിയ നിരക്ക് 1.5 റിയാലായിരിക്കും. തുടർന്നുള്ള ഓരോ കിലോമീറ്റർ യാത്രക്കും 250 ബൈസ വീതം ഈടാക്കും. നേരത്തെ മൂന്ന് റിയാലായിരുന്നു കുറഞ്ഞ നിരക്ക്. 400 ബൈസയാണ് കിലോമീറ്ററിന് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് പ്രകാരം മസ്‌കത്ത് വിമാത്താവളത്തിൽനിന്ന് റൂവിയിലേക്ക് ശരാശരി 9.2 മുതൽ 9.5 റിയാൽ വരെയാകും ടാക്‌സി നിരക്ക്.
ക്ലൗഡ് വേൾഡ് ട്രേഡിംഗിന്റെ ഒ ടാക്‌സി, ഊബർ സ്മാർട്ട് സിറ്റിസ് കമ്പനിയുടെ ഒമാൻ ടാക്‌സി എന്നിവക്കാണ് പുതുതായി ലൈസൻസ് നൽകിയിരിക്കുന്നത്. ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ രണ്ട് കമ്പനികളും റൂട്ട് ട്രാക്കിംഗ്, മോണിറ്ററിംഗ് സംവിധാനങ്ങളും ഒരുക്കും. ഒമാനിൽ ഒരു വനിതാ ടാക്സി അടക്കം എട്ട് ഓൺലൈൻ ടാക്സികളുണ്ടെങ്കിലും രണ്ടു ടാക്സികൾക്കു മാത്രമാണ് അധികൃതർ അംഗീകാരം നൽകിയിട്ടുള്ളത്.
ഒന്നാം ഘട്ടമായാണ് ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളങ്ങളിൽ സർവീസ് അനുവദിച്ചത്. നവംബർ ഒന്നു മുതൽ ടൂറിസ്റ്റ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, കമേഴ്സ്യൽ സെന്ററുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും പ്രവേശനം നൽകും.