ലോക പ്രശസ്ത ടെക് കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് പുറത്തിക്കുന്നു. ആപ്പിൾ കാർഡ് പുറത്തിറക്കാനുള്ള ചർച്ചകൾക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ എം.ഡി ശശിദർ ജഗ്ദീഷനുമായി ആപ്പിൾ മേധാവി ടിം കുക്ക് ചർച്ച നടത്തി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ചർച്ച.ഇതിനൊപ്പം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായും ആപ്പിൾ ചർച്ച തുടങ്ങിയിട്ടുണ്ട്.
ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ചർച്ച. മണികൺട്രോളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എൻ.പി.സി.ഐയുടെ റുപേ പ്ലാറ്റ്ഫോമിലായിരിക്കുമോ ആപ്പിളിന്റെ ക്രെഡിറ്റ് കാർഡ് എന്നതിലും വ്യക്തതയില്ല. റുപേ പ്ലാറ്റ്ഫോമിലാണെങ്കിൽ ക്രെഡിറ്റ് കാർഡ് യു.പി.ഐയുമായി ബന്ധിപ്പിക്കാനാവും.
ഇന്ത്യയിൽ നിലവിൽ ബാങ്കുകൾക്കാണ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ അനുമതിയുള്ളത്. മൊബൈൽ ഫോണുകളിലൂടെയുള്ള പേയ്മെന്റുകൾ വർധിക്കുന്നതിനിടെയാണ് ആപ്പിളിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. ആപ്പിൾ, ഗൂഗ്ൾ, ആമസോൺ, സാംസങ് തുടങ്ങിയ കമ്പനികളെല്ലാം നിലവിൽ ഇത്തരം പേയ്മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതുസംബന്ധിച്ച് ആർ.ബി.ഐയുമായും ആപ്പിൾ മേധാവി ചർച്ച നടത്തിയിട്ടുണ്ട്.