മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതൃത്വം. അടുത്തിടെ, ഗൂഗിള്‍ ഏറ്റെടുത്ത ഡീപ് മൈൻഡ് എ.ഐ കമ്പനിയുടെ സഹസ്ഥാപകനായ മുസ്തഫ സുലൈമാനായിരിക്കും ഇനിമുതൽ മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ എ.ഐ ഉൽപന്നങ്ങളുടെ ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും മേൽനോട്ട ചുമതല.
മുസ്തഫ സുലൈമാനെ കമ്പനിയിലേക്ക് സ്വാഗതം ചെയ്ത് സ്ഥാപക മേധാവി സത്യ നദെല്ല എക്സിൽ ഇങ്ങനെ കുറിച്ചു: ‘മൈക്രോസോഫ്റ്റിലേക്ക് സ്വാഗതം, ലോകജനതക്ക് ഏറെ പ്രയോജനകരമായ കോ പൈലറ്റ് പോലെയുള്ള കണ്‍സ്യൂമര്‍ എ.ഐ ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെ താങ്കള്‍ മൈക്രോസോഫ്റ്റ് എ.ഐയെ നയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്’’.
2022 വരെ ഡീപ് മൈൻഡിൽ പ്രവർത്തിച്ച സുലൈമാൻ പിന്നീട് ഇൻഫ്ലെക്ഷന്‍ എ.ഐ എന്ന മെഷീന്‍ ലേണിങ്-ജനറേറ്റീവ് എ.ഐ കമ്പനിയുടെ ഭാഗമായി. നേരത്തേ, സുലൈമാന്റെ മറ്റു ചില മുൻ വ്യവസായ പങ്കാളികളെയും സത്യ നദല്ല കമ്പനിയിൽ എടുത്തിരുന്നു. അതേസമയം, ഇൻഫ്ലെക്ഷന്‍ എ.ഐയുമായി തുടർന്നും സഹകരിക്കുമെന്ന് സുലൈമാൻ വ്യക്തമാക്കി.
ഓക്സ്ഫഡിൽ പ്രശസ്തമായ മാൻസ്ഫീൽഡ് കോളജ് ഡ്രോപ് ഔട്ടാണ് മുസ്തഫ സുലൈമാൻ. സിറിയന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവറായിരുന്നു മുസ്തഫയുടെ പിതാവ്. ഇംഗ്ലീഷുകാരിയായ നഴ്‌സാണ് മാതാവ്. സ്കൂൾ കാലം മുതലേ കോഡിങ്ങിൽ താൽപര്യം പ്രകടിപ്പിച്ച മുസ്തഫ പിന്നീട് കൂട്ടുകാരുടെ സഹകരണത്തോടെയാണ് ഡീപ് മൈൻഡിന് തുടക്കമിട്ടതും ഈ മേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന നാമധേയമായി മാറിയതും.