രാഷ്ട്രീയത്തിന് ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിലോ ആഘോഷങ്ങളിലോ ഒരു പങ്കുമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് കാവി അല്ലെങ്കില്‍ ഓറഞ്ച് നിറത്തിലുള്ള അലങ്കാരങ്ങള്‍ വേണമെന്ന് പറയാന്‍ ഭക്തന് ഒരു അവകാശവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തില്‍ കാവി നിറത്തിലുള്ള അലങ്കാരം ഉപയോഗിക്കുന്നതിന് പകരമായി വിവിധ നിറത്തിലുള്ള അലങ്കാരം ഉപയോഗിക്കണമെന്ന് നേമം പൊലീസ് ഇന്‍സ്‌പെക്ടറും രാഷ്ട്രീയ നിഷ്പക്ഷമായ അലങ്കാരങ്ങള്‍ വേണമെന്ന് ജില്ലാ കളക്ടറും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ക്ഷേത്രം ഉപദേശക സമിതിയും ഭക്തനായ എംഎസ് ശ്രീരാജ്കൃഷ്ണന്‍ പോറ്റിയും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
മുന്‍വര്‍ഷങ്ങളിലുണ്ടായ തര്‍ക്കങ്ങളുടെ പേരിലാണ് വിവിധ നിറത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് കാണിച്ച് പൊലീസ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച്ച മുതല്‍ ഫെബ്രുവരി 24 വരെയാണ് ഉത്സവം.