ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ് എംബസി അധികൃതര്‍. വിസ അപേക്ഷയിലെ സങ്കീര്‍ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല്‍ ഇത് യാഥാര്‍ഥ്യമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഔദ്യോഗിക വെബ്സൈറ്റായ thaievisa.go.th വഴിയാണ് അപേക്ഷിക്കേണ്ടത്. ടൂറിസം വിസ, ഔദ്യോഗിക വിസ തുടങ്ങി എല്ലാത്തരം വിസയ്ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അപേക്ഷകന് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവിധാനം വഴിയോ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പക്ഷെ, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്ന വിശദമായ വിവരങ്ങഴള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രമാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. തെറ്റായ വിവരങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് രാജ്യം ഉത്തരവാദിയായിരിക്കില്ല. അപേക്ഷ പൂര്‍ത്തിയായാല്‍ വിസ ഫീസ് ഓണ്‍ലൈന്‍ വഴിതന്നെ അടക്കാനുള്ള സൗകര്യമുണ്ട്. ഒരു കാരണത്തിന്റെ പേരിലും വിസ ഫീസ് തിരിച്ചുതരില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.