കേരളാ സ്റ്റോറി പ്രദർശനത്തിനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവായ സിജിൻ സ്റ്റാൻലിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇതോടെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികളുടെ എണ്ണം മൂന്നായി. ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കും. ചിത്രം നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത്.
ദ കേരള സ്റ്റോറിക്കെതിരായ ഹരജികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹർജിക്കാർ ഹൈകോടതിയെ സമീപിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേസ് കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈകോടതിയോട് നിർദേശിച്ചിരുന്നു.
ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള സിനിമയാണെന്നും വിദ്വേഷ പ്രചരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹർ ജിക്കാർ ചൂണ്ടിക്കാട്ടി. ‘യഥാർഥ സംഭവ കഥ’ എന്ന നിലയിലാണ് സിനിമ അവതരിപ്പിക്കുന്നത്. എന്നാൽ, ‘യഥാർഥ സംഭവ കഥയല്ലെ’ന്ന് സിനിമയിൽ എഴുതി കാണിക്കണം. മെയ് അഞ്ചിന് സിനിമ പ്രദർശനത്തിന് വരുന്നതിനാൽ ഇന്നുതന്നെ ഹരജിയിൽ വാദം കേൾക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.