ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകുമല്ലേ സഖീ…
കവി പാടിയതു വെറുതെയല്ല. സുമംഗലിയായി തന്നെ കടന്നു പോകാന്‍ കൊതിച്ച പെണ്ണും, മനസില്‍ ശ്യംഗാരകേളിയുണര്‍ത്തുന്ന ഉത്തമപുരുഷനെ കാത്തിരിയ്ക്കുന്ന കന്യകയും കൊതിച്ച യാമം ഇതാണ്. കുളിച്ചീറന്‍ മാറാത്ത മുടിയിലവള്‍ രാവിന്റെ ഗന്ധം പരത്തുന്ന മുല്ലപ്പൂമാല ചാര്‍ത്തും, കരിമഷി കൊണ്ടു കണ്ണെഴുതി, ധനുമാസ നിലാവിന്റെ കുളിരുള്ള ചന്ദനക്കുറിയണിഞ്ഞ,് കസവുചേലയുടുത്ത,് തിരുമുറ്റത്ത് കൊളുത്തിയ നിലവിളക്കിനെ പ്രദക്ഷിണംവെച്ച് തിരുവാതിര കളിയ്ക്കും. ഏതൊരു പെണ്ണുമിന്ന് പാര്‍വണേന്ദു മുഖീ പാര്‍വതിയേപ്പോലെ ശോഭിയ്ക്കും. നിറയെ കൊളുത്തിവെച്ച വിളക്കുകള്‍, അതില്‍ തിളങ്ങുന്ന പാര്‍വതിമാരുടെ മുഖം, തിരുവാതിരപാട്ടിന് ശ്രുതിമീട്ടുന്ന തണുത്തകാറ്റ്, ഒപ്പം താളം മുഴക്കി കുപ്പിവളക്കിലുക്കവും പാദസ്വരവും, നാണംകൊണ്ട് ഇമവെട്ടുന്ന നക്ഷത്രകന്യകമാര്‍. തിരുവാതിരരാവിനിത് എന്തു ചേല്… ന്യൂജന്‍ സുന്ദരിമാരുടെ കാലത്തും നാട്ടിന്‍മ്പുറത്തിന്റെ നന്മവറ്റാത്ത, അങ്ങനെയങ്ങു ഉപേക്ഷിയ്ക്കാനാവാത്ത ധനുമാസത്തിലെ തിരുവാതിര രാവാണിത്.
പൗരുഷത്തിന്റെ ഉത്തമ ഭാവമണിഞ്ഞ കൈലാസനാഥന്‍ ശ്രീ പരമേശ്വരന്റെ ജന്‍മനാളാണിന്ന്. തിരുവാതിര രാവിന് പകിട്ടണിഞ്ഞത് പാര്‍വതിദേവീകൂടിയാണ്. തന്റെ പ്രാണനാഥന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ആദ്യമായി തിരുവാതിരവൃതം നേറ്റതും ശ്രീ പാര്‍വതിതന്നെ. കൈലാസ്വേശരനും ഹിമവല്‍പുത്രിയും തമ്മില്‍ വിവാഹം നടന്നതും തിരുവാതിര നാളിലെന്നാണ് ഐതീഹ്യം. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ പുണ്യനാളില്‍ നോമ്പ് നോറ്റാല്‍ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.
മകയിരം, തിരുവാതിര എന്നീ രണ്ട് ദിവസങ്ങളിലായാണ് നോമ്പ് നോക്കുന്നത്. മകയിരം നോമ്പ് മക്കളുടെ ന•യ്ക്കായാണ്. തിരുവാതിര നോമ്പാണ് ഏറെ വിശേഷം. വിവാഹം കഴിഞ്ഞെത്തുന്നവരുടെ ആദ്യ തിരുവാതിരയ്ക്ക് ഏറെ സവിശേഷതകള്‍ പറയാനുണ്ട്. പൂത്തിരുവാതിര, കുളിച്ചീറന്‍ മാറി മഞ്ഞളും ചന്ദനും ചേര്‍ത്ത് കുറിയണിഞ്ഞ്, വാലിട്ട് കണ്ണെഴുതി, സീമന്തരേഖയില്‍ പാര്‍വതിദേവിയെ സ്മരിച്ച് സിന്ദൂരക്കുറിയണിഞ്ഞ് അരിയാഹാരം വെടിഞ്ഞ് വൃതം നോക്കും.
രാത്രിയോടെയാണ് പാതിരാപ്പൂചൂടല്‍. കേരളീയ കലാപാരമ്പര്യവും തനിമയും വിളിച്ചോതുന്ന കൈകൊട്ടികളി കഴിഞ്ഞാല്‍ പാതിരാപ്പൂചൂടല്‍. ദശപുഷ്പങ്ങള്‍ ഭഗവാനു സമര്‍പ്പിയ്ക്കുന്ന ചടങ്ങാണിത്. ആര്‍പ്പു കുരവയും തിരുവാതിരപ്പാട്ടും കൂടുതല്‍ മനോഹാരിത വിളിച്ചോതുന്ന ചടങ്ങുകൂടിയാണിത്. പിന്നീട് ദശപുഷ്പങ്ങള്‍ ചാര്‍ത്തി തിരുവാതിരനാള്‍ കഴിയുന്നതോടെ വൃതം അവസാനിയ്ക്കും