തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പരിഹസിച്ച് തോമസ് ഐസക്ക്. സമൻസ് ഇഡി പിൻവലിച്ചത് കുറ്റിയും പറിച്ചുകൊണ്ട് ഓടിയതുപോലൊരു അഭ്യാസം എന്നായിരുന്നു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തോമസ് ഐസക്ക് പറഞ്ഞത്. ഇനിയും ഇഡിക്ക് അന്വേഷിക്കാം. എന്നാൽ എന്തെങ്കിലും തെളിവുമായിട്ടേ വിളിപ്പിക്കാൻ കഴിയു. അല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
എനിക്കെതിരായ സമൻസ് ഇഡി നിരുപാധികം പിൻവലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കയ്യിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി. എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്.