ശ്രീകണ്ഠപുരം: യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ ശ്രീകണ്ഠപുരം പൊലീസ് ഐടി നിയമപ്രകാരം കേസെടുത്തത്. മുഹമ്മദ് നിഹാദ് കാരണം തൊഴിലെടുക്കാനും കുടുംബത്തിനൊപ്പം സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് സജി സേവ്യർ പരാതിയിൽ പറയുന്നത്.
കമ്പിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം നടത്തുന്ന സജി സേവ്യര്‍, കമ്പിവേലി നിര്‍മിച്ച് നല്‍കുമെന്ന് കാണിച്ച് വൈദ്യുതി തൂണിലും മറ്റും ചെറിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് നിഹാദ് സജി സേവ്യറിനെ മൊബൈലിൽ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. പിന്നാലെ ഇതിന്റെ ഓഡിയോയും സജി സേവ്യറിന്റെ മൊബൈൽ നമ്പറും യൂട്യൂബിൽ പ്രചരിപ്പിച്ചു.
അതിന് ശേഷം നിരവധിപ്പേരാണ് സജി സേവ്യറിന്റെ ഫോണിൽ വിളിച്ച് അശ്ലീലം പറയാൻ തുടങ്ങിയത്. തന്നെ വിളിക്കുന്നതിൽ ഭൂരിപക്ഷവും 11നും 16നും ഇടയിൽ പ്രായമുള്ളവരാണ് എന്ന് സജി സേവ്യർ പറയുന്നു. തുടർന്ന് ഏപ്രിൽ 17ന് സജി സേവ്യർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്ന് കേസെടുക്കാൻ തയ്യാറായില്ലെന്ന് സജി സേവ്യർ പറയുന്നു. കഴിഞ്ഞ മാസം അശ്ലീല പദപ്രയോഗം നടത്തിയതിന് മുഹമ്മദ് നിഹാദിനെ മലപ്പുറം വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താൻ വീണ്ടും പരാതിയുമായി വന്നതെന്ന് സജി സേവ്യർ പറഞ്ഞു.