തിരുവനന്തപുരം : തൃശൂർ പൂരം നിലവിലുള്ള ധാരണപ്രകാരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതോടെ തൃശൂർ പൂരവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിക്ക് പരിഹാരമായി. പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും പൂരം പ്രദർശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്നുമാണ് സർക്കാരിന്റെ തീരുമാനം. ഇതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
മറ്റു കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു.
കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ല’’– മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ.രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു, ടി.എൻ. പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.