മനോജ് ചന്ദനപ്പള്ളി
ചരിത്രത്തിന്റെ മണിയൊച്ചകള്‍ മുഴങ്ങി കേള്‍ക്കുകയാണ്. ഇത് പുണ്യവും കാലത്തിന്റെ അടയാളപ്പെടുത്തലുമാണ്. മലങ്കര ഓര്‍ത്തഡോസ് സഭ തുമ്പമണ്‍ ഭദ്രാസന യുവജന പ്രസ്ഥാനം അവരുടെ കൂട്ടായ്മ ലോകത്തിനു കാട്ടിത്തരുന്ന നിമിഷവും ഇതുതന്നെ. ”നിര്‍ധനര്‍ക്ക് ചോരുന്ന കൂരയില്‍ നിന്നും ചോരാത്ത ഒരു പുര നിര്‍മ്മിച്ചു നല്‍കാന്‍ ”പരിശുദ്ധ കാതോലിക്കാബാവാ പരുമലയില്‍ യുവാക്കളോട് ആഹ്വാനം ചെയ്തതോടെ അവരുടെ കുതിപ്പ് തുടങ്ങുകയായി. അങ്ങനെ ”കൂടൊരുക്കാന്‍ കൂട്ടുകാര്‍ ”എന്ന പദ്ധതിക്ക് തുമ്പമണ്ണില്‍ പിറവിയായി. അന്‍പതു ലക്ഷം രൂപ ചിലവഴിച്ചു അഞ്ച് സ്‌നേഹ ഭവനങ്ങളാണ് ഇതിനകം പൂര്‍ത്തികരിച്ചു താക്കോല്‍ കൈമാറാന്‍ തയ്യാറാക്കിയിരിക്കുന്നത്.
മലങ്കര സഭയിലെ ഒരു ഭദ്രാസന യുവജന പ്രസ്ഥാനം ഇതാദ്യമായാണ് ഇത്തരം ഒരു ഭവനപദ്ധതി പ്രഖ്യാപിച്ചു സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മാതൃകയാകുന്നത്. ഭദ്രാസനത്തിലെ പള്ളികളില്‍നിന്നും ലഭിച്ച 27 അപേക്ഷകരില്‍ നിന്നായി ഏറ്റവും അര്‍ഹരായ അഞ്ച് കുടുബങ്ങളെയാണ് പദ്ധതിക്കായി കണ്ടെത്തിയതും ഭവനം ഒരുക്കി നല്‍കുന്നതും. എട്ട് മാസം കൊണ്ട് മനോഹരമായ അഞ്ച് വീടുകള്‍ ഒരുങ്ങിയത് തണ്ണിത്തോട്, വകയാര്‍, വാര്യാപുരം, മണ്ണാറകുളഞ്ഞി, ചന്ദനപ്പള്ളി എന്നിവിടങ്ങളിലും. നന്മ വറ്റാത്ത സമൂഹത്തിന്റെ സഹായവും പരിശുദ്ധ കാതോലിക്കാ ബാവായുടെ ”സഹോദരന്‍ ” ഭവനപദ്ധതിയില്‍ നിന്നുള്ള കൈത്താങ്ങും വിവിധ യൂണിറ്റിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകരുടെ ഒരുമയും ഒത്തുചേര്‍ന്നപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. മലങ്കരയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് തിരുമേനിയും ഭദ്രാസന മെത്രാപ്പോലീത്ത ഡോ എബ്രഹാം മാര്‍ സെറാഫീം തിരുമേനിയും ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പായും അനുഗ്രഹവും ഊര്‍ജ്ജവുമായി യുവജനങ്ങള്‍ക്കൊപ്പം ആ ദൈവ നിയോഗത്തിനു സമര്‍പ്പിത സാക്ഷ്യമായി.
നവംബര്‍ മാസം പന്ത്രണ്ടാം തീയതി ചന്ദനപ്പള്ളി വലിയ പള്ളിയില്‍ വച്ച് നടക്കുന്ന ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ചരിത്ര സമ്മേളനത്തില്‍ ഈ അഞ്ച് ഭവനങ്ങളുടെയും താക്കോലുകള്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് കൈമാറുമ്പോള്‍ അത് അനഘസുന്ദര നിമിഷമാകും. തുമ്പമണ്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിനു ചിര സ്മരണീയ മുഹൂര്‍ത്തം സമ്മാനിക്കുന്നതോടൊപ്പം വരും കാലം പ്രസ്ഥാനത്തെ അടയാളപ്പെടുത്തുക യുവതയുടെ കരുതലിന്റെ സുവര്‍ണ്ണ കാലഘട്ടം എന്ന് തന്നെയാകും.
ചരിത്ര സമ്മേളനത്തിനു മുന്നോടിയായി ഏഴ് ഡിസ്ട്രിക്ട് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചു. തട്ട സെന്റ് ജോര്‍ജ്ജ് സിംഹാസന പള്ളിയില്‍ നടന്ന ലോഗോ പ്രകാശനം, മുന്‍ നിര ഹോസ്പിറ്റലുകളുടെ സഹായത്തോടെ മൈലപ്ര സെന്റ് ജോര്‍ജ്ജ് ദേവാലയ ആഡിറ്റോറിയത്തില്‍ മെഗാ ഹെല്‍ത്ത് ഫെയര്‍, ഒരു മാസം നീണ്ടു നിന്ന ആതുരാലയങ്ങളിലെ ഭക്ഷണവിതരണം, തുമ്പമണ്‍ എം ജി എം സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍മത്സരം, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിച്ച അഖില മലങ്കര ക്വിസ് മത്സരം, കുമ്പഴ സെന്റ് മേരീസ് വലിയ പള്ളിയില്‍ നടന്ന ”നവ മാനവികത ”സംവാദം, മാരാമണ്‍ സമഷ്ടിയിലെ ഒരുക്ക ധ്യാനം, മാര്‍ യൗസേബിയോസ് പാലിയേറ്റീവ് കെയറില്‍ നടന്ന മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം, വാഴമുട്ടം ഈസ്റ്റ് മാര്‍ ബര്‍സൗമ പള്ളിയില്‍ നിന്ന് ആരംഭിച്ചു സമ്മേളന നഗറില്‍ സമാപിച്ച പതാക ഘോഷയാത്ര ഉള്‍പ്പെട്ട വിവിധ പരിപാടികള്‍ വേറിട്ടതും ശ്രദ്ധേയവുമായി മാറി.
തുമ്പമണ്‍ യുവതയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ശോഭയോടെ എഴുതി ചേര്‍ക്കാന്‍ പോകുന്ന മഹാ സമ്മേളനത്തിന് ചന്ദനപ്പള്ളിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.എബി. ടി .സാമൂവേല്‍, ജനറല്‍ സെക്രട്ടറി രെഞ്ചു എം ജെ, ജോയിന്റ് സെക്രട്ടറി ലിഡാ ഗ്രിഗറി, സുജിന്‍ ഉമ്മന്‍, ട്രഷറര്‍ ഫിന്നി മുള്ളനിക്കാട്, കോ ഓര്‍ഡിനേറ്റര്‍ ലിബിന്‍ തങ്കച്ചന്‍, ഫാ. ഷിജു ജോണ്‍ (വികാരി, ചന്ദനപ്പള്ളി വലിയപള്ളി), റോയി വര്‍ഗ്ഗീസ്(ട്രസ്റ്റി ചന്ദനപ്പള്ളി വലിയപള്ളി), മാമ്മന്‍ ജേക്കബ് (സെക്രട്ടറി, സംയുക്ത യുവജന പ്രസ്ഥാനം ചന്ദനപ്പള്ളി വലിയപള്ളി) എന്നിവര്‍ അറിയിച്ചു.