ദമ്മാം: സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി സോഷ്യൽമീഡിയാ വീഡിയോ ആപ്പായ ടികടോക്. പ്രാദേശികമായി കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കും. സൗദി അറേബ്യയെ ലോകത്തിലെ സുപ്രധാന വിപണികളിലൊന്നായാണ് തങ്ങൾ കാണുന്നതെന്ന് ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ പറഞ്ഞു.
പ്രാദേശിക കമ്പനികൾക്കും വ്യക്തികൾക്കും പിന്തുണ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് സൗദിയിൽ കമ്പനി ലക്ഷ്യം വെക്കുന്നത്. ഒപ്പം ഇ കൊമേഴ്സ് മേഖലയിൽ പുതിയ ഉത്പന്നങ്ങളവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി സി.ഇ.ഒ വ്യക്തമാക്കി. കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ പ്രാദേശിക സംസ്‌കാരത്തെ കുറിച്ചും വിപുലമായ സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. സൗദിയിലെ ഒന്നേ മുക്കാൽ ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ബിസിനസിനെ പിന്തുണക്കുന്നതിനും പൊതുസമൂഹത്തിലേക്കുള്ള അവരുടെ വ്യാപനം വിപിലീകരിക്കുന്നതിനും നിലവിൽ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് മുൻനിർത്തി സ്റ്റാർട്ടപ്പ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. നിരവധി സർക്കാർ ഏജൻസികളുമായും ടിക് ടോക് പങ്കാളിത്തം ശക്തിപ്പെടുത്തും. സൗദി ടൂറിസം അതോറിറ്റിയുമായുള്ള പ്രൊമോഷണൽ കാമ്പയിനുകൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.