മദ്യനയത്തിൽ ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാറുകളെപ്പോലെ ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ പുതിയ മദ്യനയത്തിൽ തീരുമായമായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇതിനെയാണ് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്.
മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പ്:
മദ്യനയത്തിൽ ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത് തെറ്റായ വാർത്തയാണ്. ഷാപ്പുകളെ ഹോട്ടലുകളിലെ പോലെ തരംതിരിക്കാനോ, സ്റ്റാർ പദവി നൽകാനോ തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷവും പലരും ഈ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ അറിയിപ്പ്. തെറ്റായ വിവരം തിരുത്താൻ അഭ്യർത്ഥിക്കുന്നു.കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാനാണ് തീരുമാനിച്ചത്. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പിരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്.
പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം.
സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികൾ കൂടുതൽ വരുന്ന റെസ്റ്റോറന്റുകളിൽ ബിയറും വൈനും നൽകാൻ പ്രത്യേക ലൈസൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പാർക്കുകളിൽ മദ്യം ലഭ്യമാക്കുമെന്നും ഐ.ടി പാർക്കുകളിൽ മദ്യം നൽകുന്നതിനുള്ള ചട്ടം ഭേദഗതി ചെയ്തുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് പറക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി.