ടോക്കിയോ: ജനസംഖ്യാ വർധനവും തിരക്കും വർധിച്ചതോടെ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ജപ്പാൻ. നഗരത്തിൽ നിന്നും മാറുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ധനസഹായം ലഭിക്കുക. ഏകദേശം പത്ത് ലക്ഷം ഇന്ത്യന്‍ രൂപയാണ് സർക്കാർ കുട്ടികൾക്കായി നൽകുക. 2023 സാമ്പത്തിക വർഷം മുതൽ നിയമം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗ്രാമീണ മേഖലയിലെ ആളുകൾ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ തേടി നഗരങ്ങിലേക്ക് കുടിയേറുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതുകൊണ്ട് രാജ്യത്തിന്റെ കാർഷിക രംഗവും ചെറുകിട സംരംഭങ്ങളുമെല്ലാം കടത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പുതിയ നടപടിയിലൂടെ പ്രതിസന്ധി മറകടക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. രണ്ട് കുട്ടികളടങ്ങിയ ഒരു ചെറിയ കുടുംബം ടോക്കിയോ നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് മാറി താമസിക്കുകയാണെങ്കിൽ മൂന്ന് മില്യൺ യെന്നായിരിക്കും സമ്മാനമായി ലഭിക്കുക. നഗരത്തിൽ അഞ്ച് വർഷം താമസിച്ചവർക്കായിരിക്കും പ്രതിഫലത്തിന് അർഹതയുണ്ടാവുക. കൂടാതെ ഗ്രാമപ്രദേശങ്ങളിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് അധിക ധനസഹായവും ലഭിക്കും.