ബെംഗളൂരു: വില കുത്തനെ ഉയർന്നതിനുപിന്നാലെ സ്വകാര്യ തോട്ടത്തിൽനിന്ന് ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന തക്കാളി മോഷ്ടിച്ചുകടത്തി. കർണാടകത്തിലെ ഹാസനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബേലൂർ താലൂക്കിലെ സോമനഹള്ളിയിലെ തോട്ടത്തിൽനിന്നാണ് തക്കാളി മോഷ്ടിച്ചത്.
രണ്ടുദിവസത്തിനുള്ളിൽ തോട്ടത്തിലെ തക്കാളി വിപണിയിലെത്തിക്കാനായിരുന്നു ഉടമസ്ഥയായ ധരിണിയുടെ തീരുമാനം. എന്നാൽ, ബുധനാഴ്ച രാവിലെ തോട്ടത്തിലെത്തിയപ്പോൾ തക്കാളിച്ചെടികൾ ഭൂരിഭാഗവും ഒടിഞ്ഞനിലയിലായിരുന്നു. തുടർന്നുനടന്ന പരിശോധനയിലാണ് തക്കാളി മോഷണംപോയതായി കണ്ടെത്തിയത്. വിളഞ്ഞ തക്കാളിമാത്രം തിരഞ്ഞുപിടിച്ച് പറിച്ചെടുത്താണ് കള്ളന്മാർ കടന്നത്.
സമീപപ്രദേശങ്ങളിലെയും ടോൾബൂത്തുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. തോട്ടത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷണത്തിനുപിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച കിലോയ്ക്ക് 100 മുതൽ 120 വരെ രൂപയായിരുന്നു സംസ്ഥാനത്ത് തക്കാളിയുടെ വില.