തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വേനൽക്കാല ഷെഡ്യൂളിനേക്കാൾ 7% അധിക പ്രതിവാര വിമാനങ്ങളാണു പുതിയ ഷെഡ്യൂളിലുള്ളത്. 2024 മാർച്ച് 30 വരെ ശൈത്യകാല ഷെഡ്യൂൾ തുടരും. പ്രതിവാര എടിഎമ്മുകളുടെ (എയർ ട്രാഫിക് മൂവ്‍മെന്റ്) എണ്ണം 628 ആയി ഉയരും. നിലവിൽ 586 എടിഎമ്മുകളാണുള്ളത്. ക്വാലാലംപുർ പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കും. ബെംഗളുരു, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അധിക സർവീസുകളും പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര സർവീസുകൾ
പ്രതിവാര എടിഎമ്മുകൾ (എയർ ട്രാഫിക് മൂവ്‍മെന്റ്) 248ൽ നിന്ന് 276 ആയി വർധിക്കും. മലേഷ്യൻ എയർലൈൻസും എയർ ഏഷ്യ ബെർഹാദും ക്വാലാലംപുരിലേക്കു സർവീസ് തുടങ്ങും. എയർ അറേബ്യ അവരുടെ 2 പ്രതിദിന സർവീസുകൾക്കൊപ്പം അബുദാബിയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി ചേർക്കും. ഇത്തിഹാദ് ജനുവരി ഒന്നു മുതൽ അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിക്കും.
രാജ്യാന്തര പ്രതിവാര എടിഎമ്മുകൾ- 276
ഷാർജ-56, അബുദാബി-68, മസ്‌കത്ത്-24, ദുബായ്-28, ദോഹ-22, ബഹ്‌റൈൻ-18, സിംഗപ്പൂർ-14, കൊളംബോ-10, കുവൈത്ത്-10, മാലെ-8, ദമാം-6, ക്വലാലംപുർ – 12.
ആഭ്യന്തര സർവീസുകൾ
338 പ്രതിവാര എടിഎമ്മുകളിൽനിന്നു 352 ആയി വർധിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് രണ്ടു പ്രതിദിന സർവീസുകളും വിസ്താര മൂന്നു പ്രതിദിന സർവീസുകളും ബെംഗളൂരുവിലേക്ക് ആരംഭിക്കും.
ആഭ്യന്തര പ്രതിവാര എടിഎമ്മുകൾ 352
മുംബൈ-84, ബെംഗളൂരു-100, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-42, കണ്ണൂർ-14, കൊച്ചി-14, പുണെ-14.