കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കാൻ ട്വന്റി20. എറണാകുളത്തും ചാലക്കുടിയിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ജനവിധി തേടും.
കൊച്ചിയിൽ നടന്ന ട്വന്റി20 മഹാസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എറണാകുളത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ ട്വന്റി20 നേതാവ് സാബു എം. ജേക്കബ് തള്ളി. ബി.ജെ.പിക്കാരൻ വന്നു പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ല താനെന്ന് ട്വന്റി20 നേതാവ് വ്യക്തമാക്കി. സന്നെ സംഘിയാക്കാൻ ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രനെ നേരിൽ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് കോൺഗ്രസ്-സി.പി.എം നേതാക്കൾ സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടിൽ വന്നിട്ടുണ്ടെന്നും സാബു വെളിപ്പെടുത്തി. എന്നാൽ, ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.