ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ആസ്ഥാന മന്ദിരത്തിൽ സ്ഥാപിച്ച ഒരു ‘എക്സ്’ ലോഗോ മൂലം വലഞ്ഞത് സമീപവാസികളായ ജനങ്ങളാണ്. ട്വിറ്ററിനെ എക്സായി റീബ്രാൻഡ് ചെയ്യാനുള്ള ഇലോൺ മസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വമ്പൻ എക്സ് അടയാളം. എന്നാൽ സംഗതി കളറാക്കാനായി അതിൽ ഉൾപ്പെടുത്തിയ ലൈറ്റുകൾ കാരണം സമീപത്തെ കെട്ടിടങ്ങളിലുള്ളവരുടെ ഉറക്കംപോലും നഷ്ടപ്പെട്ടു.
കെട്ടിടത്തിൽ സ്ഥാപിച്ച എക്സ് അടയാളം വാരാന്ത്യം പിന്നിട്ടപ്പോഴേക്കും 24 പരാതികളാണ് ക്ഷണിച്ചു വരുത്തിയത്. സിറ്റി ബിൽഡിങ് ഡിപ്പാർട്ട്മെന്റിന്റെ വകയായിരുന്നു പരാതികൾ. വെളിച്ചം മാത്രമല്ല അസാമാന്യ വലുപ്പത്തിലുള്ള അടയാളം മറ്റുകെട്ടിടങ്ങൾക്കടക്കം സുരക്ഷാഭീഷണി ഉയർത്തുന്നുവെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം പുറമേ ഇത്തരമൊരു ലോഗോ കെട്ടിടത്തിനു മുകളിൽ സ്ഥാപിക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നും മണൽചാക്കുകൾ ഉപയോഗിച്ചാണ് അടയാളത്തിന് താങ്ങ് നൽകിയിരിക്കുന്നത് എന്നും ചിലർ പരാതിപ്പെട്ടു.
ചലനപ്രതീതിയുള്ള ശക്തമായ വെളിച്ചം എതിർവശത്തുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് അങ്ങേയറ്റം അരോചകമായിരുന്നു. തങ്ങൾ നേരിടുന്ന അവസ്ഥ വിവരിച്ചുകൊണ്ട് ധാരാളം ആളുകൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നിരന്തരമായി പരാതികൾ ലഭിച്ചതിനെ തുടർന്ന് സാൻഫ്രാൻസിസ്കോ ഡിപ്പാർട്ട്മെന്റ് ഓഫ് ബിൽഡിങ് ഇൻസ്പെക്‌ഷനിലെയും സിറ്റി പ്ലാനിങ്ങിലെയും ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി.
എന്നാൽ പരിശോധനകൾക്കായി രണ്ടുതവണ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇവർക്ക് കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് കമ്പനി അധികൃതർ പ്രവേശനം നിഷേധിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു പരിപാടിയുടെ ഭാഗമായി മാത്രമാണ് അടയാളം സ്ഥാപിച്ചത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ഇത്തരം അടയാളങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ എത്രയും വേഗം അത് നീക്കം ചെയ്യണമെന്ന കർശനനിലപാടിൽ ആയിരുന്നു ഉദ്യോഗസ്ഥർ. അടുത്ത ദിവസം വീണ്ടും ഉദ്യോഗസ്ഥർ എത്തിയപ്പോൾ എക്സ് അടയാളം കമ്പനി തന്നെ നീക്കം ചെയ്യുകയായിരുന്നു.
ലൈറ്റ് പൂർണമായും നീക്കം ചെയ്യുന്നതുവരെ ഉദ്യോഗസ്ഥർ നിരീക്ഷണം തുടർന്നു. ലോഗോയുമായി ബന്ധപ്പെട്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കമ്പനി പരാതികൾ നേരിടുന്നത്. കെട്ടിടത്തിൽ നിന്നും ട്വിറ്ററിന്റെ ഭാഗമായിരുന്ന ‘പക്ഷി ചിഹ്നം’ നീക്കം ചെയ്യാൻ ശ്രമിച്ച സമയത്തും പോലീസ് ഉദ്യോഗസ്ഥർ ജോലിക്കാരെ അതിൽ നിന്നും തടഞ്ഞിരുന്നു. കെട്ടിടത്തിന് താഴെയുള്ള നടപ്പാതയിലൂടെയുള്ള സഞ്ചാരം ബ്ലോക്ക് ചെയ്യാതെയാണ് ലോഗോ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതെന്നും അത് വഴിയാത്രികരുടെ ജീവന് ഭീഷണി ഉയർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.