ട്വിറ്റർ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വിശദാംശങ്ങൾ ചോർന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഡൊണാൾഡ് ട്രംപ് ജൂനിയർ, സ്‌പേസ് എക്‌സ്, സിബിഎസ് മീഡിയ, എൻബിഎ, ഡബ്ല്യുഎച്ച്ഒ തുടങ്ങിയ പ്രമുഖരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈൻ ഹാക്കിംഗ് ഫോറത്തിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
‘സ്റ്റേ മാഡ്’ എന്ന ഹാക്കർ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ. 2022 ഡിസംബറിൽ ഉണ്ടായതിന് സമാനമാണ് ഇപ്പോഴത്തെ ഹാക്കിങ്. ഡിസംബറിൽ റുഷി എന്ന് സ്വയം വിളിക്കുന്ന ഒരു ഹാക്കർ ഡാർക്ക് വെബിലെ 400 ദശലക്ഷം അക്കൗണ്ടുകളുടെ ഡാറ്റ ചോർത്തിയിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.
ഇസ്രായേലി സൈബർ രഹസ്യാന്വേഷണ സ്ഥാപനമായ ഹഡ്‌സൺ റോക്ക് ഇതിനെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട ചോർച്ച എന്ന് വിശേഷിപ്പിച്ചു. ഹൈ പ്രൊഫൈൽ ഉപയോക്താക്കളുടെ ഇ-മെയിലുകളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡാറ്റാബേസിൽ അടങ്ങിയിരുന്നതായി ഹഡ്‌സൺ റോക്ക് കൂട്ടിച്ചേർത്തു. പോസ്റ്റിന്റെ നിരവധി സ്‌ക്രീൻഷോട്ടുകൾ ഹഡ്‌സൺ റോക്ക് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.