ദുബൈ: യു.എ.ഇയുടെ നാവികസേനക്ക് കരുത്ത് പകർന്ന് പുത്തൻ യുദ്ധക്കപ്പൽ. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സൈനിക മാനദണ്ഡങ്ങൾ അനുസരിച്ച് രൂപകൽപന ചെയ്ത അത്യാധുനിക നാവിക കപ്പൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെള്ളിയാഴ്ച കമീഷൻ ചെയ്തു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം നാവിക സേനയുടെ ഈ നാഴികക്കല്ല് പ്രഖ്യാപിച്ചത്.
കപ്പൽ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെയും സമുദ്ര മേഖലയുടെ സംരക്ഷണത്തിനും കരുത്തു പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.അൽ ഇമാറാത്ത് കോർവെറ്റ് (പി111) എന്നു പേരിട്ട കപ്പലിൽ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ശൈഖ് ഹംദാൻ സന്ദർശിക്കുകയും ചെയ്തു. പുതിയ യുദ്ധക്കപ്പലിൽ അത്യാധുനിക സെൻസറുകളും ഡേറ്റ ശേഖരണത്തിനായി രൂപകൽപന ചെയ്ത നൂതന സുരക്ഷ ഇന്റലിജൻസ് യൂനിറ്റും സജ്ജീകരിച്ചിട്ടുണ്ട്. കപ്പൽ സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ നാലു ഭാഗത്തുനിന്നുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇതിൽ സാധിക്കും.
റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഒരു ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, കമ്യൂണിക്കേഷൻ ആന്റിനകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് സെൻസർ സംവിധാനങ്ങളാണ് ഇതിനായി സജ്ജമാക്കിയത്. അതോടൊപ്പം പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യുദ്ധക്കപ്പൽ രൂപകൽപന ചെയ്യുന്നതിലും വികസനത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ച പ്രതിഭകളെ ശൈഖ് ഹംദാൻ ചടങ്ങിൽ അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നൂതനമായ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിൽ യോജിച്ച പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.