യുഎഇയിൽ നിശ്ചിത ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ്. ഇത്തരക്കാരിൽ നിന്ന് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഇത് സംബന്ധിച്ച കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി.
യുഎഇയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ലൈസൻസ് നിർബന്ധമാണ്. അബുദാബി ഹെൽത്ത് അതോറിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, യു.എ.ഇ ആരോഗ്യ മന്ത്രാലയം എന്നിവ നൽകുന്ന ലൈസൻസുകളിൽ ഒന്നാണ് യുഎഇയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലിക്കായി ആരോഗ്യപ്രവർത്തകർ നേടേണ്ടത്. ഇത്തരം ലൈസൻസ് നേടാതെ തൊഴിൽ ചെയ്യുന്നവർക്കാണ് പിഴ ലഭിക്കുക.
പരിശോധനയിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യത ഇല്ലെന്ന് കണ്ടെത്തിയാൽ 50000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കും. ഇത് സംബന്ധിച്ച കരട് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. രോഗപ്രതിരോധ മന്ത്രിയും ഫെഡറൽ നാഷണൽ കൗൺസിൽ സഹ മന്ത്രിയുമായ ഡോ. അബ്ദുൽ റഹ്മാൻ അൽ ഒവൈസിന്‍റെ സാന്നിധ്യത്തിലാണ് നിയമത്തിന് അംഗീകാരം നൽകിയത്. വ്യാജ രേഖകൾ നൽകുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. ഇത്തരത്തിലുളള ആളുകളെ തൊഴിലിന് നിയമിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.